FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Thursday, 10 November 2022

കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം 

- സമൂഹചർച്ചയ്ക്കുള്ള കുറിപ്പ്

 


സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ കാലത്ത് അറിവിന്‍റെ നാനാമേഖലകളില്‍ ഉണ്ടായ വളര്‍ച്ചയും വികാസവും പരിഗണിച്ചാവും പുതിയ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കുക.  സംസ്ഥാന സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ടുള്ള നിലപാട് രേഖകള്‍ (പൊസിഷന്‍ പേപ്പറുകള്‍) തയാറാക്കുന്നതാണ് ആദ്യഘട്ടം.  പൊസിഷന്‍ പേപ്പറുകള്‍ തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്നതിന് 26 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയുടെ പ്രവര്‍ത്തനം നടന്നുവരുകയാണ്.  ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന് മുമ്പ് വിപുലമായ ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ഒരു കൈപ്പുസ്തകം (സമൂഹചര്‍ച്ചാ കുറിപ്പ്) തയാറാക്കുകയും ഇതിന് പാഠ്യപദ്ധതി കോര്‍ കമ്മിറ്റി അംഗീകാരം നല്‍കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സ്കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയുള്ള സമഗ്രമായ ജനകീയ ചര്‍ച്ചകളാണ് നടത്തുന്നത്.  എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.  എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.  എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലും സംഘാടകസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.  എല്ലാ സ്കൂളുകളിലും സ്കൂള്‍ പി.റ്റി.എ. യുടെ നേതൃത്വത്തില്‍ സ്കൂള്‍തല സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.  ഓരോതലത്തിലും നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് റിസോഴ്സ് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു. *സ്കൂള്‍തല ജനകീയ ചര്‍ച്ച*  എല്ലാ സ്കൂളുകളിലും സ്കൂള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ച് വരികയാണ്. *പ്രാദേശിക ഭരണസമിതികളുടെ നേതൃത്വത്തിലുള്ള ചര്‍ച്ച*  പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പ്രാതിനിധ്യ സ്വഭാവത്തോടെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട എല്ലാപേരെയും ഉള്‍പ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് തലത്തിലും ജനകീയ ചര്‍ച്ച സംഘടിപ്പിക്കുകയാണ്.  മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രാദേശികതല ചര്‍ച്ച ഒന്നിലധികം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നതാണ്. *ബ്ലോക്ക്തല ചര്‍ച്ചയും ക്രോഡീകരണവും*  ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ടുകളെ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ ചര്‍ച്ചകളിലൂടെ ക്രോഡീകരിക്കണം.  പ്രാദേശിക വിദ്യാഭ്യാസ വിദഗ്ധര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വൈവിധ്യം ഉള്‍ക്കൊള്ളുന്ന പ്രാതിനിധ്യം ഈ ചര്‍ച്ചയിലും ഉറപ്പുവരുത്തണം. *കുട്ടികളുടെ ചര്‍ച്ചകള്‍*  പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാ വിദ്യാലയങ്ങളിലും നിശ്ചയിക്കുന്ന പ്രത്യേക ദിവസം ഒരു പീരിയഡ് പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കുട്ടികളുടെ ചര്‍ച്ചകള്‍ക്കായി മാറ്റിവയ്ക്കുന്നതാണ്. നവംബര്‍ 17ന് കേരളത്തിലെ എല്ലാ ക്ലാസ്മുറികളിലും കുട്ടികളുടെ ചര്‍ച്ചകള്‍ നടത്തുന്നതാണ്. ഇതിലേക്കായി പ്രത്യേക കുറിപ്പ് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ ഒരു സുപ്രധാന ഡോക്യുമെന്‍റായി തയാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്. *ടെക് പ്ലാറ്റ് ഫോം* പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള ഒരു ടെക്പ്ലാറ്റ്ഫോം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്രസ്തുത ടെക് പ്ലാറ്റ്ഫോം ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. കേരളത്തിലുള്ളവര്‍ക്കും രാജ്യത്തിലാകെയും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും പാഠ്യപദ്ധതി പരിഷ്കരണത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിന് ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. *ടെക് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത* കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എസ്.സി.ഇ.ആര്‍.ടി-ക്ക് വേണ്ടി വികസിപ്പിച്ചിട്ടുള്ളതാണ് www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം. ടെക് പ്ലാറ്റ്ഫോമില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ട്. വെബ്സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പരോ ഇ-മെയില്‍ വിലാസമോ ഉള്‍പ്പെടുത്തുമ്പോള്‍ ലഭിക്കുന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. 26 ഫോക്കസ് ഏരിയയില്‍ ഓരോരുത്തര്‍ക്കും താല്പര്യമുള്ളവ തെരഞ്ഞെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കാവുന്നതാണ്. ഓരോ മേഖലയിലുമുള്ള ചോദ്യം തെരഞ്ഞെടുത്ത് നല്‍കിയിരിക്കുന്ന കമന്റ് ബോക്സില്‍ നിര്‍ദേശങ്ങള്‍ ടൈപ്പ് ചെയ്ത് ഉള്‍പ്പെടുത്താം. എഴുതി തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ ഇമേജ്, പി.ഡി.എഫ്. ഫോര്‍മാറ്റില്‍ അപ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയശേഷം സബ്‍മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതും കൂടുതല്‍ മേഖലകളിലെ‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഇതേ രീതി ആവര്‍ത്തിക്കേണ്ടതുമാണ്. പൊതുജനങ്ങള്‍ക്കുള്ള ലോഗിന്‍ കൂടാതെ ബ്ലോക്ക്, ജില്ലാതലങ്ങളില്‍ നടത്തുന്ന ജനകീയ ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക ലോഗിനും ഈ ടെക് പ്ലാറ്റ്ഫോമില്‍ ഉണ്ട്. വ്യക്തികള്‍, ബ്ലോക്ക്, ജില്ലാതലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നല്‍കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാനതലത്തില്‍ വീക്ഷിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ഔദ്യോഗിക ലോഗിന്‍ സൗകര്യവുമുണ്ട്. കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ വിശദാംശങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തുന്നതിനുള്ള രീതി, ഓരോ മേഖലയുടേയും പേര്, വിദ്യാഭ്യാസത്തിന്റെ ദര്‍ശനം തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഏതൊരാള്‍ക്കും പോര്‍ട്ടലിലൂടെ മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആവശ്യമാണ്. ടെക് പ്ലാറ്റ്ഫോം സംബന്ധിച്ച യൂസര്‍ ഗൈഡും പോര്‍ട്ടലിലുണ്ട്. *ഭാവിപ്രവര്‍ത്തനങ്ങള്‍*  2022 നവംബര്‍ 30 നകം 26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും  2022 ഡിസംബര്‍ 31 നകം കരട് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കും.  2023 ജനുവരി മാസം കരട് പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മേഖലാതല സെമിനാറുകള്‍, ചര്‍ച്ചകള്‍ സംഘടിപ്പിക്കും.  2023 ഫെബ്രുവരിയില്‍ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ പൂര്‍ത്തിയാക്കും.  2023 മാര്‍ച്ച് മുതല്‍ പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.  2023 ഒക്ടോബറില്‍ പാഠപുസ്തക രചന ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. 2024-25 അധ്യയനവര്‍ഷത്തില്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച പാഠപുസ്തകങ്ങള്‍ നിലവില്‍ വരും.  2025-26 അധ്യയന വര്‍ഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരും *പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് :-

 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2020 - 21 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാമതെത്തിയത് നമ്മുടെ കോവിഡ്കാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്. വിജ്ഞാന സമ്പാദനം, വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം, അടിസ്ഥാന സൗകര്യങ്ങൾ,പങ്കാളിത്തം, ഭരണ പ്രക്രിയ എന്നിങ്ങനെയുള്ള അഞ്ചു മാനദണ്ഡങ്ങളാണ് ഇൻഡക്സ് തയ്യാറാക്കാൻ പരിഗണിച്ചത്. പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ആരംഭിച്ച 2017 - 18 മുതൽ കേരളം പ്രഥമ ശ്രേണിയിലുണ്ട് എന്നത് കേരള വിദ്യാഭ്യാസരംഗത്തിന്റെ ഗുണമേന്മയുടെ ആഴം വ്യക്തമാക്കുന്നു. 2017 - 18 കാലം മുതലുള്ള കേരളത്തിന്റെ സ്കോർ നോക്കുക. 2017 - 18 - 826 2018 - 19 - 862 2019 - 20 - 901 2020 - 21 - 928 അതായത് മഹാമാരിയുടെ അതിതീവ്ര ഘട്ടത്തിൽ നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ സജീവമായി എന്നർത്ഥം. ഡിജിറ്റൽ ക്ലാസുകൾ മികച്ച രീതിയിൽ നടത്താൻ നമുക്കായി എന്നതാണ് ഇത് കാണിക്കുന്നത്. കൈറ്റ് - വിക്ടഴ്സ് ചാനൽ വഴി "ഫസ്റ്റ് ബെൽ ക്ളാസുകൾ" നമ്മൾ ആരംഭിക്കുന്നത് 2020 ജൂൺ മാസത്തിലാണ്. ഉൾച്ചേർന്ന വിദ്യാഭ്യാസമാണ് കേരള മാതൃകയുടെ പ്രത്യേകത. വിദ്യ ആർജ്ജിക്കാൻ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകുക എന്നത് ഓരോ കുട്ടിയുടെയും അവകാശമായി നമ്മൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കുട്ടികൾക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കാൻ നമുക്കാവുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സർക്കാരിന്റെ ഇടപെടൽ പ്രത്യേകിച്ച് എടുത്തു പറയേണ്ടതാണ്. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും വിപ്ലവകരമായ മാറ്റങ്ങളാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയത്.

POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...